കിളിമാനൂരിൽ നടക്കാനിരുന്ന വേടന്റെ പരിപാടിയുടെ വേദിയിൽ വച്ചു ഷോക്കേറ്റ് മരിച്ച ലിജു ഗോപിനാഥിന്റെ കുടുംബമാണ് സംഘാടകസമിതിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചത് എന്നാണ് ആരോപണം. മഴ നനഞ്ഞു കിടന്ന പാടത്താണ് പരിപാടി സംഘടിപ്പിച്ചത്. പതിനായിരകണക്കിന് കാണികൾ തടിച്ചുകൂടിയ പരിപാടിക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു.
ഇങ്ങനെ ഒരു പരിപാടി പോലീസ് അനുമതി നൽകുമ്പോൾ ഫയർഫോഴ്സ്, മെഡിക്കൽ സംഘം, ആംബുലൻസ് എന്നിവയുടെ മതിയായ സേവനം ഉറപ്പാക്കണം. എന്നാൽ സംഘാടക സമിതിയുടെ ഭാഗത്തുനിന്ന് അതുണ്ടായില്ല എന്നും ആരോപിക്കുന്നു. കൂടാതെ ലിജു ഗോപിനാഥന്റെ മരണവാർത്ത തങ്ങളിൽ നിന്നും സംഘാടകർ മറച്ചുവെച്ചു എന്നും കുടുംബം പരാതിപ്പെടുന്നു.
സംഘാടകരുടെ നടപടിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് മരിച്ച ലിജുവിന്റെ കുടുംബം. ഇക്കഴിഞ്ഞ ഒൻപതാം തീയതി ആയിരുന്നു തിരുവനന്തപുരം കിളിമാനൂരിൽ വേടൻ്റെ സംഗീത പരിപാടി. എൽഇഡി ഡിസ്പ്ലേ സജ്ജീകരിക്കുന്നതിനിടയിൽ ലിജു ഗോപിനാഥന് ഷോക്ക് ഏൽക്കുകയായിരുന്നു. എൽഇഡി ടെക്നീഷ്യൻ മരിച്ചതിനു പിന്നാലെ പരിപാടി നിർത്തിവയ്ക്കുകയും ചെയ്തു.