+

വീട്ടിൽ പ്രസവം, വ്രണങ്ങളിൽ പുഴുവരിച്ചു, ഭർത്താവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല, 37 കാരി മരിച്ചു

ചാവക്കാട് സ്വദേശിനിയായ യുവതി അശാസ്ത്രീയ ചികിത്സയെത്തുടർന്ന് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. ചാവക്കാട് സ്വദേശിനി മുഹ്‌സിന (37) ആണ് ചികിത്സയിലിരിക്കെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്. അക്യുപഞ്ചർ ചികിത്സയുടെ മറവിൽ ശാസ്ത്രീയ ചികിത്സ നിഷേധിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

മുഹ്‌സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു ഇത്. മലപ്പുറം ജില്ലയിൽ അക്യുപഞ്ചർ പ്രാക്ടീസ് ചെയ്യുന്ന ഭർത്താവ് ഇബ്രാഹിം കുട്ടിയുടെ നിർബന്ധപ്രകാരം ഇക്കഴിഞ്ഞ ജനുവരിയിൽ വീട്ടിൽ വെച്ചായിരുന്നു പ്രസവം നടന്നത്. എന്നാൽ പ്രസവിച്ച് ആറാം ദിവസം കുഞ്ഞ് മരണപ്പെട്ടു. ഇതിന് പിന്നാലെ മുഹ്‌സിനയുടെ ആരോഗ്യനില അതീവ ഗുരുതരമായി.

പ്രസവാനന്തരം ഉണ്ടായ അണുബാധയെത്തുടർന്ന് (Sepsis) മുഹ്‌സിനയുടെ ശരീരം തളർന്നു. മുതുകിൽ വലിയ വ്രണങ്ങൾ രൂപപ്പെടുകയും അവ പുഴുവരിക്കുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്തിട്ടും ആധുനിക ചികിത്സ നൽകാൻ ഭർത്താവ് തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. ബന്ധുക്കളെ വീട്ടിൽ പ്രവേശിപ്പിക്കാനോ മുഹ്‌സിനയെ കാണാനോ ഇയാൾ അനുവദിച്ചിരുന്നില്ല.


വിവരമറിഞ്ഞെത്തിയ മുഹ്‌സിനയുടെ സഹോദരിയും മറ്റ് ബന്ധുക്കളും ചേർന്ന് കഴിഞ്ഞ മാർച്ച് 18-ന് ഇബ്രാഹിമുമായി വഴക്കിട്ട് ബലമായാണ് മുഹ്‌സിനയെ വീട്ടിൽ നിന്നും പുറത്തെത്തിച്ചത്. ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മുഹ്‌സിന മരണത്തിന് കീഴടങ്ങിയത്.


ബന്ധുക്കളുടെ പരാതിയിൽ ചാവക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മുഹ്‌സിനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ ഭർത്താവ് ഇബ്രാഹിമിനെതിരെ കൂടുതൽ വകുപ്പുകൾ ചേർത്ത് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ നടന്ന കുഞ്ഞിന്റെ മരണം സംബന്ധിച്ചും അന്വേഷണം നടക്കും.സാക്ഷര കേരളത്തിൽ അന്ധവിശ്വാസങ്ങളുടെയും അശാസ്ത്രീയ ചികിത്സകളുടെയും പേരിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം മരണങ്ങൾ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.



More News :
facebook twitter