ഏഷ്യയിലെ മികച്ച നടനുള്ള 2025ലെ സെപ്റ്റിമിയസ് അവാര്‍ഡ് രണ്ടാം തവണയും ടൊവിനോ തോമസിന് . അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ടയ്ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പുരസ്‌കാരം സ്വീകരിച്ച ശേഷം ചിത്രങ്ങളും വീഡിയോകളും ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
നേരത്തെ 2023ലാണ് ടൊവിനോയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ് ലഭിച്ചത്.നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ വര്‍ഷംതോറും നല്‍കിവരുന്ന അന്താരാഷ്ട്ര പുരസ്‌കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച സിനിമ, നടന്‍, നടി, തിരക്കഥ, ഛായാഗ്രഹണം തുടങ്ങിയ മേഖലകളിലെ മികച്ച സിനിമകള്‍ക്കാണ് അംഗീകാരം നല്‍കിവരുന്നത്. സെപ്റ്റിമിയസ് പുരസ്‌കാരം ലഭിച്ച ആദ്യ തെന്നിന്ത്യന്‍ നടനാണ് ടൊവിനോ തോമസ് എന്ന പ്രത്യേകത കൂടിയുണ്ട്.
'പ്രിയ ജീവിതമേ, എന്നെ ഒന്നു വന്ന് നുള്ളി നോക്കുമോ! നരിവേട്ടയ്ക്ക് ഏഷ്യയിലെ മികച്ച നടനുള്ള 2025ലെ മറ്റൊരു സെപ്റ്റിമിയസ് അവാര്‍ഡ് കൂടി ലഭിച്ചതില്‍ ഏറെ സന്തോഷം. മലയാള സിനിമയെ ഈ വേദിയിലേക്ക് എത്തിക്കാന്‍ പങ്കുവഹിച്ചതില്‍ അഭിമാനമുണ്ട്. ജീവിതം തരുന്ന എന്തിനെയും ഉള്‍ക്കൊള്ളാന്‍ പാകപ്പെട്ടാണ് നമ്മള്‍ ഇരിക്കുന്നതെന്ന് പറയാറുണ്ട്. പക്ഷെ ഇത് മാത്രം അങ്ങനെയല്ല! ഓരോ അംഗീകാരവും മുന്നത്തേതിനേക്കാള്‍ പ്രത്യേകമാണെന്ന് തോന്നും. നരിവേട്ട ടീമിന് നന്ദി. ഓരോ ദിവസവും മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്ന എല്ലാവര്‍ക്കും സ്‌നേഹം,' ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.