ഹോർമൂസ് തുറക്കാൻ ട്രംപിന്റെ അന്ത്യശാസനം; ചൊവ്വാഴ്ചയ്ക്കകം തുറന്നില്ലെങ്കിൽ ഇറാന് നേരെ കനത്ത ആക്രമണം

11:04 AM Apr 06, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന് കനത്ത താക്കീതും അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. വരാനിരിക്കുന്ന ചൊവ്വാഴ്ചയ്ക്കകം ഹോർമൂസ് കടലിടുക്ക് തുറക്കണമെന്നാണ് ട്രംപ് ഇറാന് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. സമയപരിധിക്കുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ 'നരകം' നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

നിർദ്ദേശം ലംഘിച്ചാൽ ഇറാന്റെ പ്രധാന വൈദ്യുത നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി. ഇറാനിൽ ആക്രമണം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങൾ ഇതിനോടകം തന്നെ അമേരിക്കൻ സൈന്യം നിശ്ചയിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിക്കുന്നതാണ് അമേരിക്കയുടെ ഈ നീക്കം.


അതേസമയം, അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം. ഹോർമൂസ് കടലിടുക്ക് ഇനി പഴയതുപോലെ അമേരിക്കയ്ക്കും ഇസ്രായേലിനും ലഭ്യമാകില്ലെന്ന് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്താൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇറാൻ അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം മുറുകുന്നത് ആഗോള എണ്ണ വിപണിയെയും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.