എസ്ഡിപിഐ ഒരു തീവ്രവാദ സംഘടനയാണെന്ന് സിപിഎം തന്നെ തങ്ങളുടെ പാർട്ടി കോൺഗ്രസ് രേഖകളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ വോട്ടിനു വേണ്ടി അതേ സംഘടനയുമായി കൈകോർക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് സതീശൻ പറഞ്ഞു. "കാപട്യമോ നിന്റെ പേരാണ് പിണറായി വിജയൻ" എന്ന് ചോദിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു. മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന യുഡിഎഫിനെ ജനങ്ങൾ ഇത്തവണ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ക്രൈസ്തവ ഭവനങ്ങളിലും സഭകളിലും കേക്കുമായി പോകുന്ന ബിജെപി നേതാക്കൾ യഥാർത്ഥത്തിൽ 'ആട്ടിൻ തോലിട്ട ചെന്നായകൾ' ആണെന്ന് അദ്ദേഹം വിമർശിച്ചു. എഫ് സി ആർ എ (FCRA) ഭേദഗതിയിലൂടെ ന്യൂനപക്ഷ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും നോട്ടമിടുകയാണ് കേന്ദ്ര സർക്കാരെന്നും സതീശൻ ആരോപിച്ചു. വയനാട് ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പദ്ധതി പൂർത്തിയാകുമ്പോൾ എല്ലാ കണക്കുകളും കൃത്യമായി അവതരിപ്പിക്കുമെന്നും സിപിഎം ഫണ്ട് വെട്ടിപ്പുകളെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ ചിലർ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടുകളിൽ ഉറച്ചുനിന്നു.