+

സമരസുര്യൻ ഇനി ഹൃത്തടങ്ങളിൽ ജ്വലിക്കും; വിഎസ് ഇനി ‘ചെങ്കടലിന് നടുവിലെ ശുഭ്ര താരകം’...

ആലപ്പുഴ: ഇല്ലാ ഇല്ലാ മരിക്കുന്നില്ല, കണ്ണേ കരളേ വി എസ്സേ തുടങ്ങി ഇടനെഞ്ചു പൊട്ടുമാറ് മുദ്രാവാക്യങ്ങൾക്ക് നടുവിൽ പെരുമഴയെ തോൽപ്പിച്ച്, പെയ്തിറങ്ങിയ ജനസഹസ്രത്തെ സാക്ഷിയാക്കി പുന്നപ്രയുടെ പ്രിയപ്പെട്ട സമരനായകൻ രണഭൂമിയിൽ തന്റെ പ്രിയസഖാകൾക്കൊപ്പം നിത്യജ്വാലയായി.ആലപ്പുഴയുടെ മണ്ണില്‍ ആ ചുവന്ന നക്ഷത്രം ജ്വലിച്ചമര്‍ന്നു.വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന്  മകൻ വി.എ.അരുൺ കുമാർ അഗ്നിപകർന്നു. വിഎസിനൊപ്പം പ്രവർത്തിച്ചവർ വിഎസിന്റെ പ്രിയ സഖാക്കൾ ആ കാഴ്ചയ്ക്ക് സാക്ഷിയായി.

കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ വിവിധ ജില്ലകളില്‍നിന്നുള്ള പാര്‍ട്ടിപ്രവര്‍ത്തകരും അല്ലാത്തവരുമായ ആളുകള്‍ ആലപ്പുഴയില്‍ എത്തിയിരുന്നു, അവരുടെ കണ്ണും കരളുമായിരുന്ന നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍.ബാര്‍ട്ടണ്‍ഹില്ലിലെ മകന്റെ വീട്ടിലും പിന്നീട് ദര്‍ബാര്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷമായിരുന്നു ചൊവ്വാഴ്ച 2.30-ഓടെ വിലാപയാത്രയായി ആലപ്പുഴയ്ക്ക് പുറപ്പെട്ടത്. പ്രതീക്ഷിച്ചതില്‍ ഏറെവൈകി ബുധനാഴ്ച ഉച്ചയോടെയാണ് വിലാപയാത്ര ആലപ്പുഴയിലെത്തിയത്.

വഴിനീളെയുള്ള അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിയത്. പിന്നീട്, സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊതുദര്‍ശനത്തിന് ശേഷം ബീച്ച് റിക്രീയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു

.ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടില്‍ സംസ്‌കാരം നടത്താനായിരുന്നു നേരത്തേ തീരുമാനം. എന്നാല്‍, പ്രിയനേതാവിനെ അവസാനമായി കാണാന്‍ ജനസാഗരം ഇരമ്പിയെത്തിയതോടെ മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്. ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടില്‍നിന്ന് മൃതദേഹം വലിയ ചുടുകാട്ടിലെത്തിച്ചപ്പോള്‍ ഒന്‍പത് മണിയായി. പാര്‍ട്ടി പതാക പുതച്ച് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിഎസിന് കേരളം വിട നല്‍കി.


facebook twitter