വാടാനപ്പള്ളി കിറ്റ് വിവാദം; കേസെടുക്കാൻ അനുമതി

02:47 PM Apr 06, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

വാടാനപ്പള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കാൻ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് അനുമതി നൽകി. കിറ്റുകൾ ഓർഡർ ചെയ്ത വ്യക്തിയെ കേസിൽ പ്രതിയാക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ ഉത്തരവ്.

അതേസമയം, കിറ്റ് വിതരണം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. കിറ്റ് വിതരണം തടയുന്നതിനിടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു.


വോട്ടർമാർക്ക് നൽകാനായി ബിജെപി കിറ്റുകൾ തയ്യാറാക്കിയെന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ടി.എൻ. പ്രതാപൻ ആരോപിച്ചു. ഇത് ബിജെപിയുടെ വോട്ടുമറിക്കൽ തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വാടാനപ്പള്ളി പൊലീസിന് പരാതി നൽകിയതിനെത്തുടർന്നാണ് നിയമനടപടികൾ ആരംഭിച്ചത്. കിറ്റ് വിവാദം തൃശ്ശൂരിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.