വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം; കാലാവധി തീര്‍ന്ന വാഹനങ്ങളുടെ മേല്‍ പിഴ ചുമത്തില്ല

02:33 PM Feb 26, 2025 | വെബ് ടീം

തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സര്‍വറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാജ്യ വ്യാപകമായി ഈ പ്രശ്‌നം നിലനില്‍ക്കുന്നതായി മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ ശനിയാഴ്ച മുതലാണ് പ്രവര്‍ത്തനരഹിതമായത്. ഇനിയും 24 മണിക്കൂര്‍ കൂടി പ്രശ്‌നപരിഹാരത്തിനായി ആവശ്യമാണെന്ന് എന്‍ഐസി അറിയിച്ചിട്ടുണ്ട്.

സോഫ്റ്റ്വെയറിന്റെ തകരാറുകള്‍ എത്രയും വേഗത്തില്‍ പരിഹരിച്ച് പോര്‍ട്ടല്‍ പ്രവര്‍ത്തനയോഗ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശം ഗതാഗത വകുപ്പിന്റെ സോഫ്റ്റ്വെയറുകള്‍ കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് നല്‍കിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ഫെബ്രുവരി 22 മുതല്‍ ഫെബ്രുവരി 27വരെയുള്ള കാലയളവില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേല്‍ പിഴ ചുമത്തുന്നത് ഒഴിവാക്കിയതായും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.