വിജയ് മുഖ്യമന്ത്രി ആകുമോ ? അനിശ്ചിതത്വം തുടർന്ന് TVK സർക്കാർ രൂപീകരണം

11:08 AM May 08, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയമായ അനിശ്ചിതത്വം തുടരുന്നു. തമിഴക വെട്രി കഴകത്തിന്റെ (TVK) നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ തമിഴ്‌നാട്ടിൽ സജീവമാണ്. വിജയ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമോ എന്ന കാര്യത്തിൽ ഇന്ന് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായേക്കും.

സർക്കാർ രൂപീകരണ നീക്കങ്ങളെ താൻ തടയുന്നില്ലെന്നും എന്നാൽ കേവല ഭൂരിപക്ഷം തെളിയിക്കുക എന്നതാണ് പ്രധാനമെന്നും ഗവർണർ ആർ.എൻ. രവി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിജയ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചാൽ ആർക്കും സത്യപ്രതിജ്ഞ ചെയ്യാമെന്നാണ് ഗവർണറുടെ നിലപാട്.


ഡിഎംകെ മുന്നണിയിലുള്ള സി പി ഐ (എം), സി പി ഐ, വിടുതലൈ ചിരുതൈകൾ കക്ഷി (VCK) എന്നിവരുടെ നിലപാടായിരിക്കും വിജയന്റെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാവുക. ഇവർ ടിവികെയെ പിന്തുണയ്ക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സി പി ഐ എം, സി പി ഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിൽ നടക്കും. വിസികെ അധ്യക്ഷൻ തോൽ തിരുമാളവൻ ഉടൻ തന്റെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മൂന്ന് പാർട്ടികൾക്കുമായി നിലവിൽ ആറ് സീറ്റുകളാണുള്ളത്.


വിജയിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ എഐഎഡിഎംകെയും ഡിഎംകെയും സജീവമാണ്. എംഎൽഎമാർ ടിവികെയിലേക്ക് ചേക്കേറുന്നത് തടയാൻ എഐഎഡിഎംകെ തങ്ങളുടെ 25 നിയുക്ത എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി. എടപ്പാടി പളനിസ്വാമി നേരിട്ട് റിസോർട്ടിലെത്തി എംഎൽഎമാരുമായി സംസാരിച്ചു. അറിയിപ്പ് ലഭിക്കുന്നത് വരെ പുതുച്ചേരി വിട്ടുപോകരുതെന്ന് അദ്ദേഹം എംഎൽഎമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


ഗവർണർ അനുമതി നിഷേധിക്കുന്ന പക്ഷം നിയമവഴികൾ തേടുന്നതിനായി വിജയ് തന്റെ ലീഗൽ ടീമുമായും ചർച്ചകൾ നടത്തിവരികയാണ്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഈ അനിശ്ചിതത്വം വരും മണിക്കൂറുകളിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചേക്കാം.