അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ കോടതി വിധിക്കുകയായിരുന്നു. തൂക്കുകയറല്ലാതെ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ല എന്നാണ് വിധിപ്രസ്താവനയ്ക്കിടെ ജഡ്ജി വ്യക്തമാക്കിയത്. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ മാനസികനില ഉൾപ്പെടെ പരിശോധിച്ചതിന് ശേഷമാണ് ഇത്തരത്തിൽ വിധി വന്നിരിക്കുന്നത്. പ്രതിക്ക് വധശിക്ഷ നൽകാനുള്ള എല്ലാ കാരണങ്ങളും ഉണ്ടെന്ന് പറഞ്ഞ കോടതി പ്രതി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് എന്നും ചൂണ്ടിക്കാട്ടി.
2022 ഫെബ്രുവരി ആറിനായിരുന്നു കൊലപാതകം നടന്നത്. അലങ്കാര ചെടി വിൽപ്പന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിക്കാനാണ്, തമിഴ്നാട് തോവാള സ്വദേശി രാജേന്ദ്രൻ കൊലപാതകം നടത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനിതയെയും കൊലപ്പെടുത്തിയത്.