തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം മുതിർന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. അച്ഛന്‍റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകൻ വി.എസ് അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
വിഎസ് ഇന്ന് മിനിറ്റിൽ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം 23ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയതാണ്. ഇപ്പോൾ രാജധാനിയിൽ തിരിച്ച് നാട്ടിലേക്ക് പുറപ്പെടുന്നു. ഒരാഴ്ച്ചയ്ക്കകം തിരിച്ച് ചെന്ന് ആ കൈവിരൽ തൊടാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന വി.കെ. ശശിധരൻ സമൂഹമാധ്യമത്തിൽ കുറിച്ചു.ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23 നാണ് വി.എസിനെ തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ ശശീന്ദ്രൻ കെ. കൃഷ്ണൻകുട്ടി, മുതിർന്ന സി.പി.എം നേതാവ് പി.കെ ഗുരുദാസൻ തുടങ്ങിയവർ ആശുപത്രിയിലെത്തി വി.എസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.