വിലാപയാത്രയായി നാളെ ആലപ്പുഴയില്‍; വി.എസിന്‍റെ സംസ്കാരം ബുധനാഴ്ച വലിയ ചുടുകാട്ടിൽ

05:36 PM Jul 21, 2025 | വെബ് ടീം

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ സംസ്‌കാരം മറ്റന്നാൾ ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റർ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്കുശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി  ആലപ്പുഴയില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.യു.ടി ആശുപത്രിയില്‍നിന്ന് അഞ്ചോടെ  എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.

പൊതുദര്‍ശനത്തിനുശേഷം രാത്രിയോടെ തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക്‌ കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. എല്ലാവര്‍ക്കും പൊതുദര്‍ശനത്തിന് അവസരമൊരുക്കും.

ഉച്ചക്കുശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് ജില്ല കമ്മിറ്റി ഓഫിസിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് അനുവദിക്കും. ഉച്ചക്കുശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റർ  പറഞ്ഞു. പട്ടം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വി.എസിന്‍റെ അന്ത്യം.