+

പശ്ചിമേഷ്യൻ സമാധാന ചർച്ച: അമേരിക്ക-ഇറാൻ ചർച്ചകളിൽ പുരോഗതി

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ സമാധാന കരാറിലെത്തുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ നടത്തിയ ആദ്യ റൗണ്ട് ചർച്ചകളിൽ പുരോഗതി. ചർച്ചകൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഇരുരാജ്യങ്ങളെയും ഉൾപ്പെടുത്തി ഒരു പ്രത്യേക മേൽനോട്ട സമിതി രൂപീകരിച്ചു. ചർച്ചകൾ പ്രോത്സാഹജനകമാണെന്ന് മധ്യസ്ഥത വഹിക്കുന്ന ഖത്തറും പാകിസ്ഥാനും അറിയിച്ചു. അടുത്ത 60 ദിവസത്തിനകം അന്തിമ കരാറിലെത്താനാണ് നിലവിലെ നീക്കം.

വിവിധ അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഇരുരാജ്യങ്ങളും ചർച്ചയ്ക്ക് തയ്യാറായത്. എന്നാൽ ചർച്ചകൾക്കിടെയുണ്ടായ ചില വാക്പോരുകൾ നേരിയ ആശങ്കകൾക്ക് വഴിവെച്ചു. നിശ്ചിത സമയത്തിനകം കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി ചർച്ചകളിൽ അലോസരമുണ്ടാക്കി. ലെബനനിൽ ഹിസ്ബുള്ളയെ നിയന്ത്രിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ കഴിഞ്ഞ ആഴ്ചത്തേക്കാൾ വലിയ ആക്രമണം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാൻ പ്രതിനിധികൾ ചർച്ചയിൽ നിന്ന് താൽക്കാലികമായി ഇറങ്ങിപ്പോയിരുന്നു.


അമേരിക്കൻ ഭരണകൂടം വാക്കുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഇറാനും ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. കടുത്ത ഭീഷണികളും തർക്കങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ട് പോകാനാണ് ഖത്തറിന്റെയും പാകിസ്ഥാന്റെയും തീരുമാനം.



facebook twitter