+

തണ്ണിത്തോട്ടില്‍ കാട്ടാന കിണറ്റില്‍ വീണു

പത്തനംതിട്ട തണ്ണിത്തോട് മേക്കണ്ണത്തെ പറമ്പിലെ കിണറ്റിൽ കുട്ടിയാന വീണു. തണ്ണിത്തോട് സ്വദേശി ഗോപാലകൃഷ്ണന്റെ പറമ്പിലെ കിണറ്റിലാണ് ഏകദേശം രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയാന വീണത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു.

രാവിലെ കിണറ്റിൽ നിന്ന് കുട്ടിയാനയുടെ കരച്ചിൽ കേട്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ആന കിണറ്റിൽ വീണ വിവരം അറിയുന്നത്. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.


വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആഴമുള്ള കിണറായതിനാൽ ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ച് മണ്ണ് നീക്കി കുട്ടിയാനയ്ക്ക് കയറിവരാൻ പാതയൊരുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഉച്ചയ്ക്ക് മുൻപായി തന്നെ കുട്ടിയാനയെ സുരക്ഷിതമായി പുറത്തെടുക്കാൻ സാധിക്കുമെന്നാണ് വനപാലകർ വ്യക്തമാക്കുന്നത്.


കോന്നി, റാന്നി വനമേഖലകളോട് ചേർന്നുകിടക്കുന്ന തണ്ണിത്തോട് ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടാനക്കൂട്ടങ്ങൾ പലപ്പോഴും ജനവാസ മേഖലയിൽ ഇറങ്ങാറുണ്ടെങ്കിലും, ഇത്തരത്തിൽ കിണറ്റിൽ വീഴുന്ന സംഭവം ഈ പ്രദേശത്ത് അപൂർവമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

facebook twitter