രോഗികൾക്ക് ചികിത്സയിൽ ഇളവ് നൽകിയെന്ന് കൃത്രിമ രേഖ; ആശുപത്രിയിൽ നിന്നും 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് കേസ്; ജീവനക്കാരി അറസ്റ്റിൽ

03:56 PM May 10, 2025 | വെബ് ടീം

ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ  ജീവനക്കാരി പിടിയിൽ. തത്തംപള്ളി കുളക്കാടു വീട്ടിൽ ദീപമോൾ കെസി(44)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 80 ലക്ഷത്തോളം രൂപയാണ് ഇവർ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരുന്നതിനിടെ തട്ടിയെടുത്തതായി കേസ്.

ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ നിന്നും ബിൽ പ്രകാരമുള്ള തുക കൈപ്പറ്റിയശേഷം രോഗികൾക്ക് ചികിത്സയിൽ ഇളവ് നൽകിയതായി കാണിച്ചുള്ള കൃത്രിമ രേഖയുണ്ടാക്കി ആശുപത്രി അധികൃതരെ കാണിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ആലപ്പുഴ നോർത്ത് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.