യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

12:01 PM Mar 30, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ പട്ടാപ്പകൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. പ്ലാമൂട്ടുകടയിലെ മിഥുല ജിംനേഷ്യം സെന്ററിലെ (ലാബ്) ജീവനക്കാരിയും മരിയാപുരം സ്വദേശിനിയുമായ കാവ്യയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ പ്രതിയായ പാറശ്ശാല പവതിയൻവിള സ്വദേശി അശ്വന്ത് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കാവ്യ ജോലി സ്ഥലത്തെത്തി ജിംനേഷ്യം തുറന്ന സമയത്ത് മറ്റാരും സ്ഥലത്തില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അശ്വന്ത് കയ്യിൽ കരുതിയ കത്തിയുമായി അകത്തുകയറി ആക്രമിച്ചത്. കാവ്യയുടെ കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് (നിംസ് മെഡിസിറ്റി) മാറ്റി. കാവ്യ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അശ്വന്ത് പിന്നീട് വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.


പൊഴിയൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രണയപ്പകയാണോ അതോ മറ്റ് വ്യക്തിപരമായ കാരണങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പൊ ലീസ് പരിശോധിച്ചു വരികയാണ്. പട്ടാപ്പകൽ ജനവാസ മേഖലയിലുണ്ടായ ഈ അക്രമം പ്രദേശവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.