ആഗോള ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ അസ് സാഹാബ് മീഡിയയിലൂടെയാണ് ജിഹാദ് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്. കാവി സര്‍ക്കാര്‍ എന്നാണ് പ്രസ്താവനയിലുട നീളം ഭരണകൂടത്തെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്ഥാന്റെ മണ്ണില്‍ നടത്തിയ ആക്രമണങ്ങള്‍ മോദി സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങളുടെ പട്ടികയിലെ പുതിയ കറുത്ത അധ്യായമാണെന്ന് അല്‍ ഖ്വയ്ദ പറഞ്ഞു.
മുസ്ലീം ജനവാസകേന്ദ്രങ്ങളെയും പള്ളികളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നും നിരവധി മുസ്ലീങ്ങള്‍ രക്തസാക്ഷികളായെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയിലെയും കശ്മീരിലെയും മുസ്ലീങ്ങള്‍ വളരെയധികം അടിച്ചമര്‍ത്തലുകള്‍ അനുഭവിച്ചിട്ടുണ്ടെന്നും സൈനികവും രാഷ്ട്രീയവും സാംസ്‌കാരികവും ആയ മാര്‍ഗങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഇസ്ലാമിനെയും മുസ്ലീങ്ങളെയും ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രസ്താവനയില്‍ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ മുസ്ലീങ്ങളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ മുസ്ലീങ്ങളെ അതിനെ പിന്തുണയ്ക്കണമെന്നും പ്രസ്താവനയിലൂടെ അല്‍ ഖ്വയ്ദ ആവശ്യപ്പെട്ടു. അല്ലാഹുവിന്റെ സഹായത്തോടെ മുസ്ലീങ്ങള്‍ക്കെതിരായ എല്ലാ അതിക്രമങ്ങള്‍ക്കും പ്രതികാരം ചെയ്യുന്നതുവരെയും അല്ലാഹുവിന്റെ നാമം ഉയര്‍ത്തപ്പെടുന്നതുവരെയും പോരാടുമെന്ന് ഞങ്ങള്‍ സത്യം ചെയ്തുകൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്.
ഇന്ത്യയുടെ നടപടികള്‍ ഇസ്ലാമിനെതിരായി ചിത്രീകരിച്ചുകൊണ്ട് കലാപാഹ്വാനം നടത്തുകയാണ് അല്‍ ഖ്വയ്ദ പ്രസ്താവനയിലൂടെ ചെയ്യുന്നത്. നിലവില്‍ സങ്കിര്‍ണമായ ഇന്ത്യാ പാക് സംഘര്‍ഷത്തെ മുതലെടുത്തുകൊണ്ട് ഭീകരവാദം പ്രചരിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.