ആലപ്പുഴ നഗരത്തില്‍ ബുധനാഴ്ച ഗതാഗത നിയന്ത്രണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

09:56 PM Jul 22, 2025 | വെബ് ടീം

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ നാളെ (23) ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ദീര്‍ഘ ദൂര ബസുകള്‍ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നുമാണ് അറിയിപ്പ്.

ചേര്‍ത്തല ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളര്‍കോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം.അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കളര്‍കോട് ബൈപ്പാസ് കയറി ചേര്‍ത്തല ഭാഗത്തേക്ക് പോകണമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

എറണാകുളം, തണ്ണീര്‍മുക്കം ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പവര്‍ഹൗസ് ജംഗ്ഷന്‍ കോണ്‍വെന്റ് സ്‌ക്വയര്‍ കണ്ണന്‍ വര്‍ക്കി പാലം, കളക്ട്രേറ്റ് ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് വന്ന് ഡബ്ല്യൂ/സി വഴി ബീച്ച് റോഡില്‍വന്നു പോലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാര്‍ക്ക് വഴി വന്നു കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയുക.-എ.സി റോഡ് വഴി വരുന്ന വാഹനങ്ങള്‍ ജി എച്ച് ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യൂ/സി വഴി ബീച്ച് റോഡില്‍ വന്നു പോലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാര്‍ക്ക് വഴി വന്നു കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയുക.

കൂടാതെ വസതിയില്‍നിന്നും വിലാപയാത്ര പുറപ്പെട്ടതിനു ശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങള്‍ മങ്കൊമ്പ് പൂപ്പള്ളിയില്‍നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയില്‍ പ്രവേശിച്ചു പോകേണ്ടതാണ്. കൂടാതെ വാഹാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി എസ് ഡി കോളജ് ഗ്രൗണ്ട്, ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.-കായംകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ജി എച്ച് ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യൂ/സി വഴി ബീച്ച് റോഡില്‍ വന്നു പോലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാര്‍ക്ക് വഴി വന്നു കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയുക. ചെറിയ വാഹനങ്ങള്‍ ബീച്ച് റോഡില്‍ പാര്‍ക്ക് ചെയ്യുക.

വസതിയിലെ പൊതുദര്‍ശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം 22/07/2025 തീയതി രാത്രി 11 മണിമുതല്‍ 23/07/2025 തീയതി രാവിലെ 11 മണിവരെയുള്ള സമയം പൂര്‍ണ്ണമായും നിരോധിച്ചു.

മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാകും വിലാപയാത്ര ആലപ്പുഴ പുന്നപ്രയിലെത്തുക. പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിലാണ് സംസ്‌കാരം.