മഥുര ഷാഹി ഈദ്​ ഗാഹ് മസ്ജിദ് 'തർക്കമന്ദിര'മായി പ്രഖ്യാപിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

05:17 PM Jul 04, 2025 | വെബ് ടീം

ലഖ്‌നൗ: കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് കേസിൽ  മഥുര ഈദ് ഗാഹ് മസ്ജിദ് തർക്കമന്ദിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി  അലഹബാദ് ഹൈക്കോടതി തള്ളി. കൃഷ്ണ ജൻമഭൂമി- ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കത്തിന്റെ തുടർന്നുള്ള നടപടിക്രമങ്ങളിൽ മസ്ജിദ് തർക്കമന്ദിരമായി പരിഗണിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഇത് ഇപ്പോൾ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്ര വ്യക്തമാക്കി.

മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസീബിന്റെ കാലത്താണ് മഥുര ഈദ് ഗാഹ് മസ്ജിദ് നിർമിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് ക്ഷേത്രം തകർത്താണ് പള്ളി പണിതത് എന്നാണ് പരാതിക്കാരുടെ വാദം. 1968-ൽ ക്ഷേത്ര മാനേജ്മെന്റ് അതോറിറ്റിയായ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാനും ഷാഹി ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റും തമ്മിൽ ഒരു 'ഒത്തുതീർപ്പ് കരാർ' ഉണ്ടാക്കിയിരുന്നു. രണ്ട് ആരാധനാലയങ്ങളും ഒരേസമയം പ്രവർത്തിക്കാൻ ഇതിൽ ധാരണയായിരുന്നു.ഈ ഒത്തുതീർപ്പ് കരാറിന്റെ സാധുത ചോദ്യം ചെയ്താണ് ഇപ്പോൾ ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. കരാർ വ്യാജമായി ഉണ്ടാക്കിയതാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ചുനീക്കി പ്രാർഥനക്ക് സൗകര്യമൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

തർക്കവുമായി ബന്ധപ്പെട്ട് മഥുര കോടതിയുടെ പരിഗണനയിലുള്ള മുഴുവൻ ഹർജികളും 2023 മേയിൽ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. മസ്ജിദ് കമ്മിറ്റിയും ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും ഇത് ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.ഷാഹി ഈദ് ഗാഹ് മസ്ജിദ് പരിശോധിക്കാൻ ഒരു കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം 2023 ഡിസംബറിൽ അലഹബാദ് ഹൈക്കോടതി അനുവദിച്ചിരുന്നു. 2024 ജനുവരിയിൽ സുപ്രിംകോടതി ഇത് സ്‌റ്റേ ചെയ്തു. നിലവിൽ സുപ്രിംകോടതി സ്‌റ്റേ നീട്ടിയിരിക്കുകയാണ്.

More News :