കേരളത്തിനൊപ്പം അസമും നാളെ പോളിങ് ബൂത്തിലേക്ക്

10:16 AM Apr 08, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കേരളത്തിനൊപ്പം തന്നെ നാളെ അസമും പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നു. സംസ്ഥാനത്തെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപിയും, ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും വാശിയോടെ പോരാടുന്ന അസമിൽ അത്യന്തം ആവേശകരമായ പ്രചാരണങ്ങൾക്കാണ് സമാപനമായത്.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെയും കുടുംബത്തെയും ലക്ഷ്യമിട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളാണ് ഇത്തവണത്തെ അസം തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം. മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭൂയാൻ ശർമയ്ക്ക് യുഎഇ ഗോൾഡൻ കാർഡിനു പുറമെ ആന്റിഗ്വ ആൻഡ് ബാർബുഡ, ഈജിപ്ത് എന്നിവിടങ്ങളിലെ പാസ്‌പോർട്ടുകൾ ഉണ്ടെന്നും, ഇവർ അനധികൃതമായി വൻതോതിൽ സ്വത്ത് സമ്പാദിച്ചെന്നും ആരോപിച്ച് കോൺഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു. "ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമ്മ" എന്ന് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു.


കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു. കോൺഗ്രസ് പ്രചരിപ്പിക്കുന്ന രേഖകൾ ഡിജിറ്റൽ കൃത്രിമത്തിലൂടെ നിർമ്മിച്ചതാണെന്നും ഇതിനുപിന്നിൽ പാക്കിസ്ഥാൻ ബന്ധമുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. വികസന നേട്ടങ്ങളും ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണവും മുൻനിർത്തിയാണ് ബിജെപി ഇത്തവണ വോട്ട് തേടുന്നത്.


കഴിഞ്ഞ തവണത്തെ ഭരണനേട്ടങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് ബിജെപി വിശ്വസിക്കുമ്പോൾ, ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയ്ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം. നാളെ രാവിലെ 7 മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കും.