+

ബുള്ളറ്റ് ലേഡി നിഖില വീണ്ടും അറസ്റ്റില്‍; ലഹരി വിൽപ്പന കേസിൽ സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് കരുതൽ തടങ്കൽ

കണ്ണൂര്‍: ലഹരി വസ്തുക്കള്‍ സ്ഥിരമായി വിറ്റ യുവതിയെ കരുതല്‍ തടങ്കലിലാക്കും. ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന പയ്യന്നൂര്‍ കണ്ടങ്കാളി മുല്ലക്കോട് സി നിഖിലയെയാണ് (30) ബെംഗളൂരുവില്‍ നിന്ന് തളിപ്പറമ്പ് എക്‌സൈസ് സംഘം പിടികൂടിയത്. നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലില്‍ കരുതല്‍ തടങ്കലിലാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ലഹരി മരുന്ന് വില്‍പ്പന നടത്തിയതിനു സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്ത്രീയെ കരുതല്‍ തടങ്കലിലാക്കുന്നത്.പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരമാണ് നിഖിലയെ അറസ്റ്റ് ചെയ്തത്. ഈ നിയമ പ്രകാരം സ്ഥിരമായി ലഹരി മരുന്ന് കടത്തുന്നവരെ ആറു മാസം തടങ്കലില്‍ വയ്ക്കാം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖിലയെ വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. 2023ല്‍ രണ്ടു കിലോ കഞ്ചാവുമായും നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില,'ബുള്ളറ്റ് ലേഡി' എന്നാണ് അറിയപ്പെട്ടിരുന്നത്.ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വില്‍പനയിലേക്ക് തിരിഞ്ഞതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



facebook twitter