ന്യൂഡൽഹി: പാക്കിസ്ഥാൻ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചതിന് സിആർപിഎഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. മുനീർ അഹമ്മദ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി. വിവാഹം അറിയിക്കാതിരുന്നതും വീസ കാലാവധി കഴിഞ്ഞും ഭാര്യയ്ക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയതും രാജ്യസുരക്ഷയ്ക്ക് എതിരാണെന്നും ഇതാണ് പിരിച്ചുവിടലിന് കാരണമെന്നും സിആർപിഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജമ്മു കശ്മീരിലെ സുരക്ഷാ മേഖലയിൽ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി.
പാക്കിസ്ഥാൻ പൗരയായ മിനാൽ ഖാനെ വിവാഹം കഴിക്കാൻ മുനീർ അഹമ്മദ് 2023ൽ വകുപ്പുതല അനുമതി തേടിയിരുന്നു. എന്നാൽ ഇതിൽ തീരുമാനം ആകും മുൻപ് 2024 മേയിൽ ഇരുവരും വിവാഹിതരായി. വിഡിയോ കോൺഫറൻസിങ് വഴിയാണ് രണ്ടു രാജ്യത്തിരുന്ന് വിവാഹച്ചടങ്ങുകൾ പൂർത്തീകരിച്ചത്. 2025 ഫെബ്രുവരിയിൽ ടൂറിസ്റ്റ് വീസയിൽ മിനാൽ ഇന്ത്യയിലെത്തി.
പാക്ക് പൗരന്മാർ ഇന്ത്യ വിടണമെന്ന നിർദേശത്തെത്തുടർന്ന് മിനാൽ, വാഗ–അട്ടാരി അതിർത്തി വരെ എത്തിയിരുന്നു. പക്ഷേ, ദീർഘകാല വീസയ്ക്ക് അപേക്ഷ നൽകിയിരുന്നത് പരിഗണിക്കണം എന്നാവശ്യപ്പെട്ട് ജമ്മു കശ്മീർ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കപ്പെട്ടു. തുടർന്ന് അവസാനനിമിഷം രാജ്യം വിടുന്നത് കോടതി താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു. മിനാലിന്റെ ഹർജി കോടതിയിലെത്തിയപ്പോഴാണ് വിവാഹക്കാര്യം പുറത്തറിഞ്ഞത്.