+

സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തോടെ ട്രെയിനുകളുടെ വേഗത കൂടും

സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തോടെ ട്രെയിനുകളുടെ വേഗത കൂടും. റെയിൽവേ ഡിവിഷൻ യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ 31 സ്റ്റേഷനുകളിലെ ലൂപ്പ് ലൈൻ വേഗതയാണ് വർദ്ധിപ്പിക്കുക. 


സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത സെപ്റ്റംബറോടെ വർധിപ്പിക്കാനുള്ള തീരുമാനം റെയിൽവേ ഡിവിഷൻ തലയോഗത്തിൽ കൈക്കൊണ്ടു. ഉടൻ തന്നെ അതിന്റെ സാങ്കേതിക നവീകരണം പൂർത്തിയാക്കും. സ്റ്റേഷനുകളിലെ ലൂപ്പ് ലൈലുകളുടെ ശേഷി മെയിൻ ലൈനിലേതിന് തുല്യമാക്കിയാണ് വേഗത വർദ്ധിപ്പിക്കുക.

എറണാകുളം - ഷൊര്‍ണൂര്‍ റൂട്ടിൽ ആധുനിക സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി അവസാന ഘട്ടത്തിലാണ്.  ഈ റൂട്ടിലുള്ള റെയിൽവേ ട്രാക്കിലെ വളവുകൾ നിവര്‍ത്തുക കൂടി ചെയ്യുന്നതോടെ ട്രെയിനുകൾക്ക് ഇപ്പോഴുള്ളതിനേക്കാൾ വേഗത കൈവരിക്കാൻ കഴിയും. മെയിൻ ലൈനിൽനിന്ന് ലൂപ്പ് ലൈനുകളിലേക്ക് ട്രെയിനുകളെ കടത്തിവിടുന്ന സ്വിച്ചുകൾ മാറ്റി പകരം തിക്ക് വെബ് സ്വിച്ചുകളാക്കും. തിരിച്ച് മെയിൻ ലൈനിലേക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാനാകും.

ആദ്യഘട്ടത്തിൽ 31 സ്റ്റേഷനുകളിലെ ലൂപ്പ് ലൈൻ വേഗതയാണ് വർദ്ധിപ്പിക്കുക. വിവിധ സ്റ്റേഷനുകളിൽ ചെറിയ വളവുകൾ ഒഴിവാക്കിക്കൊണ്ടുള്ള ട്രെയിനുകളുടെ പരമാവധി വേഗത അനുവദനീയമായ രീതിയിൽ ഇതിനോടകം തന്നെ വർദ്ധിപ്പിച്ചു കഴിഞ്ഞു. ട്രാക്ക് സംവിധാനങ്ങൾ, ഗ്രാഫിക് സംവിധാനങ്ങൾ, റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ് ഉൾപ്പെടെയുള്ളവയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. അടിസ്ഥാന സൗകര്യ നവീകരണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ട്രെയിനുകളുടെ വേഗത വർദ്ധിക്കുന്നതോടെ യാത്രക്കാര്‍ക്ക് കൂടുതൽ സമയം ലാഭിക്കും.

facebook twitter