ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി. സിന്ധു നദിയിലെ ജലം വഴിതിരിച്ചുവിടുന്നതിന് ഇന്ത്യ അണക്കെട്ടോ, തടയണയോ നിർമിച്ചാൽ തകർക്കുമെന്ന് മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു.പാകിസ്ഥാന്‍റെ കാർഷിക ഭൂമിയുടെ 80 ശതമാനത്തിനും വെള്ളം ഉറപ്പാക്കുന്നതായിരുന്നു കരാർ.
സിന്ധു നദിയിൽ ഇന്ത്യ തടയണ നിർമിക്കുകയാണെങ്കിൽ പാകിസ്ഥാന്‍റെ പ്രതികരണം എന്തായിരിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഭീഷണി. ‘അത് പാകിസ്ഥാനെതിരായ ആക്രമണമായിരിക്കും... ഇന്ത്യ ഇത്തരത്തിലുള്ള ഒരു തടയണ നിർമിക്കാനുള്ള ശ്രമം നടത്തിയാൽ, പാകിസ്ഥാൻ ആ നിർമിതി തകർക്കും’ -മന്ത്രി ഖ്വാജ പറഞ്ഞു.
അതേസമയം, ഇത്തരം പൊള്ളയായ ഭീഷണികൾ പാകിസ്ഥാനികൾക്കിടയിലെ ഭയമാണ് കാണിക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ പ്രതികരിച്ചു. പാകിസ്ഥാനെതിരെ കൂടുതൽ നടപടികളുമായി തിരിച്ചടിക്കുകയാണ് ഇന്ത്യ. പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ചരക്കുകളുടെയും ഇറക്കുമതി നിരോധിച്ച കേന്ദ്ര സർക്കാർ പാകിസ്ഥാനുമായുള്ള കത്തുകളുടെയും പാർസലുകളുടെയും വിനിമയവും വിലക്കിയിട്ടുണ്ട്. പാക് കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കേർപ്പടുത്തി.