പേരാമ്പ്ര അനൗണ്‍സ്‌മെൻ്റ് വിവാദം; ടി.പി രാമകൃഷ്ണന് നോട്ടീസ്

01:04 PM Apr 03, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

 

പേരാമ്പ്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അനൗൺസ്‌മെന്റ് വിവാദത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ അജിത് ജോണാണ് വിശദീകരണം തേടി നോട്ടീസ് നൽകിയത്.

യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ഫാത്തിമ തഹ്‌ലിയക്കെതിരെയുള്ള വിവാദ പരാമർശമാണ് നോട്ടീസിന് അടിസ്ഥാനം. സ്വന്തം സമുദായത്തിൽപ്പെട്ട ഫാത്തിമ തഹ്‌ലിയക്ക് വേണ്ടി സമുദായങ്ങൾ വോട്ട് ചെയ്യണമെന്ന തരത്തിലുള്ള പ്രചാരണം ടി.പി. രാമകൃഷ്ണന്റെ ചിത്രവും വോട്ടഭ്യർത്ഥനയും വെച്ച വാഹനത്തിൽ നിന്ന് നടന്നതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട വീഡിയോ യുഡിഎഫ് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.


യുഡിഎഫ് കൺവീനർ കെ. ബാലനാരായണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു അനൗൺസ്‌മെന്റ് നടത്തിയതെന്നും, ഇതിന് സിപിഎം നേതൃത്വത്തിന്റെ അറിവുണ്ടെന്നും യുഡിഎഫ് ആരോപിച്ചു. മൈക്ക് പെർമിഷൻ ഉൾപ്പെടെ നിയമപരമായ അനുമതിയോടെയാണ് വാഹനം സർവീസ് നടത്തിയതെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടി.


അതേസമയം, വിവാദമായ അനൗൺസ്‌മെന്റിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് കൃത്യമായ മറുപടി നൽകുമെന്ന് എൽഡിഎഫ് വൃത്തങ്ങൾ അറിയിച്ചു. പെരുമാറ്റച്ചട്ട ലംഘനം വ്യക്തമായാൽ സ്ഥാനാർത്ഥിക്കെതിരെ കൂടുതൽ നടപടികളുണ്ടാകാൻ സാധ്യതയുണ്ട്.