ന്യൂഡൽഹി:കരട് വോട്ടർപട്ടികയിൽ തെറ്റുകളുണ്ടെങ്കിൽ ചില രാഷ്ട്രീയ പാർട്ടികൾ കൃത്യസമയത്ത് പരിശോധിച്ച് തെറ്റുകൾ ചൂണ്ടിക്കാട്ടാറില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ഇലക്ട്രൽ റജിസ്ട്രേഷൻ ഓഫിസര്മാരാണ് (ഇആർഒ) ബൂത്തുതല ഓഫിസർമാരുടെ സഹായത്തോടെ വോട്ടർ പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതെന്ന് കമ്മിഷന് വാർത്താക്കുറിപ്പിൽ പറഞ്ഞു.ഈ ഉദ്യോഗസ്ഥർക്കാണ് പട്ടികയിൽ തിരുത്തൽ വരുത്താനുള്ള ഉത്തരവാദിത്തം. കരട് വോട്ടർ പട്ടിക തയാറായാൽ ഡിജിറ്റലായും കടലാസായും പകർപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറും. കമ്മിഷൻ വെബ്സൈറ്റിലും പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ പരാതികൾ ഉന്നയിക്കാനും തെറ്റു ചൂണ്ടിക്കാട്ടാനും വോട്ടർമാർക്കും രാഷ്ട്രീയപാർട്ടികൾക്കും ഒരു മാസം സമയമുണ്ട്. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചാലും പകർപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാറുണ്ട്. പരാതിയുണ്ടെങ്കിൽ കമ്മിഷനും കലക്ടർക്കും അപ്പീൽ നൽകാം. ചില രാഷ്ട്രീയ പാർട്ടികളും അവരുടെ ബൂത്തുതല ഏജന്റുമാരും പട്ടിക കൃത്യസമയത്ത് പരിശോധിച്ച് തെറ്റുകൾ ചൂണ്ടിക്കാട്ടുന്നില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി.
മുൻപുള്ള വോട്ടർപട്ടിക സംബന്ധിച്ചാണ് ഇപ്പോൾ ചില രാഷ്ട്രീയ പാർട്ടികളും വ്യക്തികളും ആരോപണം ഉന്നയിക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാണിക്കാനാണ് വോട്ടർപട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുന്നത്. പട്ടിക സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നതായും കമ്മിഷൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആരോപിച്ചിരുന്നു.