+

പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്ററിനെതിരെ മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ആർഎസ്എസിനെ വെള്ളപൂശാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തിയതെന്നും, സവർക്കറെ സ്വാതന്ത്ര്യ സമര സേനാനിയായി ചിത്രീകരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.


ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ആർഎസ്എസിനെ പുകഴ്ത്തിയതിനെയാണ് മുഖ്യമന്ത്രി പ്രധാനമായും വിമർശിച്ചത്. രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിക്കുകയും ചെയ്ത പ്രസ്ഥാനമാണ് ആർഎസ്എസ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള ഒരു സംഘടനയെ പുകഴ്ത്തുന്നത് സ്വാതന്ത്ര്യദിനത്തെ തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിന് പുറമെ, കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ സ്വാതന്ത്ര്യദിനാശംസാ കാർഡിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിനെയും മുഖ്യമന്ത്രി ശക്തമായി അപലപിച്ചു. മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിട്ടയാളും സ്വാതന്ത്ര്യ സമരത്തോട് പുറംതിരിഞ്ഞു നിന്നയാളുമായ സവർക്കറെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മുകളിൽ പ്രതിഷ്ഠിക്കുന്നത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.


പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഇന്ന് ശക്തമായ ഭാഷയിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

facebook twitter