ഫാമിലി മാൻ 3 നടൻ രോഹിത് ബാസ്ഫോർ വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

03:19 PM Apr 29, 2025 | വെബ് ടീം

ഗുവാഹത്തി: 'ദി ഫാമിലി മാൻ 3' എന്ന പരമ്പരയിലൂടെ പ്രശസ്തനായ നടൻ രോഹിത് ബാസ്ഫോറിനെ ഗുവാഹത്തിക്ക് സമീപമുള്ള ഗർഭംഗ വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് റാണി പൊലീസ് പറഞ്ഞു. ഒമ്പത് സഹപ്രവർത്തകർക്കൊപ്പം വിനോദയാത്രക്ക് പോയപ്പോഴാണ് ബസ്ഫോർ വെള്ളച്ചാട്ടത്തിൽ വീണതെന്നാണ് പ്രാഥമിക നിഗമനം.പ്രാഥമിക അന്വേഷണത്തിൽ ബാസ്ഫോർ അബദ്ധത്തിൽ വെള്ളച്ചാട്ടത്തിൽ വീണതാണെന്നാണ് സൂചന.മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനക്കായി അയച്ചിട്ടുണ്ട്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഫോൺ സ്വിച്ച് ഓഫ് ആണെന്നും ബാസ്ഫോറിന് നീന്തൽ അറിയില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.കഴിഞ്ഞ വർഷം മുതൽ, ഫാമിലി മാൻ സീരിസിന്‍റെ മൂന്നാം സീസണിന്‍റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങൾ രോഹിത് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ജയ്ദീപ് അഹ്ലാവത്, ദലിപ് താഹിൽ എന്നിവരുമായി നില്‍ക്കുന്ന ഫോട്ടോകൾ പങ്കിട്ടുകൊണ്ട്, ഇത്രയും മികച്ച അനുഭവം ലഭിച്ചത് ഭാഗ്യം എന്നാണ് നടന്‍ എഴുതിയത്. ഈ വര്‍ഷം ആദ്യവും ഫാമിലി മാന്‍ 3 സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇദ്ദേഹം പങ്കിട്ടിരുന്നു. ഇന്ത്യന്‍ വെബ് സീരിസ് രംഗത്തെ വിലയേറിയ സംവിധായക ജോ‍ഡികളായ രാജ് ഡികെയാണ് ഫാമിലിമാന്‍ ഒരുക്കുന്നത്. ഈ സീരിസിന്‍റെ ആദ്യ രണ്ട് സീസണുകള്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ വന്‍ ഹിറ്റായിരുന്നു.


More News :