ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ; സഞ്ചരിച്ച ബിഎംഡബ്ല്യു കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ

08:53 PM May 03, 2025 | വെബ് ടീം

വയനാട് : ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും  പിടിയില്‍. കണ്ണൂർ സ്വദേശികളും സുഹൃത്തുക്കളുമായ കണ്ണൂർ അഞ്ചാംപീടിക കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24), തളിപറമ്പ് സുഗീതം വീട്ടില്‍ കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.

മൊതക്കര, ചെമ്പ്രത്താംപൊയില്‍ ജംക്‌ഷനിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പനയ്ക്കുമായി ബെംഗളൂരുവിൽനിന്ന് വാങ്ങിയതാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോള്‍, എസ്.ഐമാരായ എം.കെ. സാദിർ, ജോജോ ജോര്‍ജ്, എ.എസ്.ഐ സിഡിയ ഐസക്, എസ്‌സിപിഒ ഷംസുദ്ധീൻ, സിപിഒമാരായ അജ്മൽ, നൗഷാദ്, അനസ്  സച്ചിന്‍ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിന്‍, വാഹിദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.