കണ്ണൂർ: കരിവെള്ളൂർ പലിയേരിയിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷണംപോയ സംഭവത്തിൽ ട്വിസ്റ്റുകൾക്കൊടുവിൽ അറസ്റ്റ്.വരന്റെ ബന്ധുവായ സ്ത്രീയാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനി വിപിനയെ ആണ് പയ്യന്നൂർ പൊലീസ് പിടികൂടിയത്. സ്വര്‍ണത്തോടുള്ള ഭ്രമമാണ് കവര്‍ച്ച നടത്താന്‍ തന്നെ പ്രേരപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്വര്‍ണം വീടിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കാണാതായ പവൻ സ്വർണം വീടിനോട് ചേർന്ന പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കരിവെള്ളൂർ പലിയേരിയിലെ എ കെ അർജുന്റെ ഭാര്യ ആർച്ച എസ് സുധിയുടെ ആഭരണങ്ങളാണ് മോഷണംപോയത്. തിരുവനന്തപുരത്ത് ഐടി കമ്പനിയിൽ ജോലിചെയ്യുന്ന അർജുനും ആർച്ചയും മെയ് ഒന്നിന് വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് വിവാഹിതരായത്.
തുടർന്ന് അർജുന്റെ വീട്ടിലെത്തിയശേഷം മുകളിലെ കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങൾ സൂക്ഷിച്ചത്. പിന്നീട് രണ്ടാം തീയതി വൈകീട്ടോടു കൂടിയാണ് വീട്ടിലെത്തിയ ബന്ധുക്കളെ കാണിക്കാൻ ആഭരണം പുറത്തെടുക്കാൻ നോക്കിയപ്പോൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ആഭരണങ്ങൾ സൂക്ഷിച്ചിരുന്നു പെട്ടികളും കവറുകളുമെല്ലാം അതേപടി ഉണ്ടായിരുന്നു. എന്നാൽ, ആഭരണങ്ങൾ മാത്രം എടുത്തുകൊണ്ട് പോകുന്ന സാഹചര്യമാണ് ഉണ്ടായത്.