പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, അമേരിക്കൻ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന നിർണ്ണായക അവകാശവാദവുമായി ഇറാൻ രംഗത്ത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ അമേരിക്കയുടെ എ-10 (A-10), എഫ്-15 ഇ (F-15E) പോർവിമാനങ്ങൾ തകർത്തെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു പുറമെ, രക്ഷാപ്രവർത്തനത്തിനായി എത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും തങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ വ്യക്തമാക്കി.
ഇറാൻ പ്രവിശ്യയായ കോഹ്ഗിലുയേ ആന്റ് ബോയർ അഹമ്മദിലും പേർഷ്യൻ ഗൾഫ് മേഖലയിലുമാണ് വിമാനങ്ങൾ തകർന്നു വീണത്. തകർന്ന എഫ്-15 വിമാനത്തിലെ ഒരു പൈലറ്റിനെ രക്ഷപ്പെടുത്തിയതായും രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കാണാതായ പൈലറ്റുമാരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അമേരിക്കൻ ഭരണകൂടം വലിയ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, വിമാനങ്ങൾ തകർക്കപ്പെട്ട വാർത്ത അമേരിക്ക ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇറാനിലെ ഒരു പ്രധാന പാലം അമേരിക്കൻ സൈന്യം തകർത്തതിനുള്ള കനത്ത തിരിച്ചടിയാണിതെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അലക്ച്ചി സൂചിപ്പിച്ചു.
അതേസമയം, അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായത്. ആക്രമണത്തിൽ ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഏഴ് പേർ നേപ്പാൾ സ്വദേശികളാണ്, ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ ആകെ എണ്ണം 203 ആയി ഉയർന്നു.
കുവൈറ്റിലെ എണ്ണശുദ്ധീകരണ ശാലയ്ക്കും (റിഫൈനറി) ജലശുദ്ധീകരണ പ്ലാന്റിനും നേരെയും ഇറാൻ ആക്രമണം നടത്തിയതായി വിവരമുണ്ട്. ഇസ്ലാമാബാദിൽ നടന്നുവന്നിരുന്ന വെടിനിർത്തൽ ചർച്ചകളിൽ നിന്ന് ഇറാൻ ഏകപക്ഷീയമായി പിന്മാറിയതോടെ പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്. മേഖലയിൽ സംഘർഷം ഇനിയും വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ രാജ്യങ്ങൾ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.