+

ദോഹയിലെ ഇസ്രയേൽ ആക്രമണം; 6 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ്

ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകനും ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഇസ്രായേലിൻ്റെ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുകയും ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിലെ മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.


റിപ്പോർട്ടുകൾ പ്രകാരം, ഖത്തറിൻ്റെ സാംസ്കാരിക കേന്ദ്രമായ കത്താറ പ്രവിശ്യയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. ഹമാസ് നേതാക്കൾ ചർച്ചകൾക്കായി ഒത്തുകൂടിയ ഒരു കെട്ടിടം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഒക്ടോബർ 7 ലെ ആക്രമണത്തിന് ഉത്തരവാദികളായ ഹമാസ് നേതാക്കളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേൽ ലക്ഷ്യമിട്ട ആറ് മുതിർന്ന ഹമാസ് നേതാക്കളിൽ ഖലീൽ അൽ ഹയ്യ, ഖാലിദ് മിശ്അൽ, സഹർ ജബ്റിൻ, മുഹമ്മദ് ദാർവിഷ്, ഹുസ്സാം ബർദാൻ, താഹിർ അൽ നുനു എന്നിവരുൾപ്പെടുന്നു.


എന്നാൽ, ഇസ്രായേൽ ലക്ഷ്യമിട്ട ഹമാസ് നേതാക്കൾ സുരക്ഷിതരാണെന്ന് ഹമാസ് അറിയിച്ചു. ഖലീൽ അൽ ഹയ്യയുടെ മകൻ ഹിമാം അൽ ഹയ്യയും അദ്ദേഹത്തിൻ്റെ ഓഫീസ് ഡയറക്ടർ അബു ബിലാലും മൂന്ന് സഹായികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടുണ്ട്.


ഈ ആക്രമണം ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തടവുകാരുടെ കൈമാറ്റ ചർച്ചകളെയും വെടിനിർത്തൽ ചർച്ചകളെയും തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് ഹമാസ് ആരോപിച്ചു.ദോഹയിലെ ഹമാസ് ആസ്ഥാനത്തെ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ആക്രമണം നടന്നതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.


അതേസമയം, ആക്രമണത്തെക്കുറിച്ച് ഖത്തറിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന അമേരിക്കയുടെ വാദം ഖത്തർ നിഷേധിച്ചു.അമേരിക്കയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള യാതൊരു ആശയവിനിമയവും ഉണ്ടായിട്ടില്ലെന്നും, യുഎസ് പ്രതിനിധിയുടെ ഫോൺ സന്ദേശം എത്തുന്നത് സ്ഫോടനങ്ങൾ കേൾക്കാൻ തുടങ്ങിയതിന് ശേഷമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് അൽ അൻസാരി വ്യക്തമാക്കി. ഈ വീണ്ടുവിചാരമില്ലാത്ത ഇസ്രായേലി നടപടിയും പ്രാദേശിക സുരക്ഷയുടെ തുടർച്ചയായ തടസ്സവും രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും അപകടമുണ്ടാക്കുന്ന ഏതൊരു പ്രവൃത്തിയും ഖത്തർ സഹിക്കില്ലെന്ന് അൻസാരി പറഞ്ഞു.


ഇസ്രായേൽ ആക്രമണത്തെ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ജോർദാൻ, ഇറാഖ്, ലെബനൻ, ഇറാൻ തുടങ്ങിയ നിരവധി രാജ്യങ്ങൾ അപലപിച്ചു.ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലും ലിയോ മാർപാപ്പയും സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി.

facebook twitter