+

നേപ്പാളിലെ യുവജന പ്രക്ഷോഭം; പ്രത്യേക അറിയിപ്പുമായി സൈന്യം

നേപ്പാളിൽ യുവജന പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന് പ്രത്യേക അറിയിപ്പുമായി സൈന്യം രംഗത്തെത്തി. സമാധാന ശ്രമങ്ങൾക്കായുള്ള ചർച്ചകൾക്ക് രാഷ്ട്രീയ നേതൃത്വവും പ്രക്ഷോഭകാരികളും തയ്യാറാകണമെന്ന് നേപ്പാൾ സൈന്യം ആഹ്വാനം ചെയ്തു. ഇതിനിടെ, നേപ്പാളിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നു. ആക്രമണങ്ങൾ ഹൃദയഭേദകമാണെന്നും നിരവധി യുവാക്കൾക്ക് ജീവൻ നഷ്ടമായത് വേദനാജനകമാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.


നേപ്പാളിൽ സാമൂഹ്യ മാധ്യമ വിലക്ക് പിൻവലിച്ചിട്ടും കലാപം തുടരുകയാണ്. പ്രക്ഷോഭകാരികൾ ഇന്നലെ നേപ്പാൾ മുൻ പ്രധാനമന്ത്രിയുടെ വീടിനും പാർലമെന്റ് മന്ദിരത്തിനും തീയിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യം ജനങ്ങളോട് സഹായം അഭ്യർത്ഥിച്ചത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.

facebook twitter