ആലപ്പുഴ dysp മധു ബാബുവിനെതിരെ വീണ്ടും മര്‍ദ്ദന പരാതി. 2022ല്‍ മധു ബാബു തൊടുപുഴ dysp ആയിരിക്കെ ഹൃദ്രോഗിയായ വ്യക്തിയെ ആക്രമിച്ചു എന്നാണ് കേസ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നതിനെ തുടര്‍ന്ന് പരാതിക്കാരനായ തൊടുപുഴ സ്വദേശി മുരളീധരന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
2022 ഡിസംബറിലാണ് തൊടുപുഴ ഡിവൈഎസ്പി ആയിരുന്ന മധുബാബു മലങ്കര സ്വദേശിയായ മുരളീധരനെ മർദിച്ചത്. തൊടുപുഴ എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ വനിതാ നേതാവിനെതിരെ സമൂഹ മാധ്യമത്തിൽ മോശമായ രീതിയിൽ പ്രചാരണം നടത്തിയതിനെതിരെ നേതാക്കൾ മുരളീധരനെതിരെ പരാതി നൽകിയിരുന്നു. ഈ കേസിലാണ് മുരളീധരനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. കാര്യങ്ങൾ സംസാരിക്കുന്നതിനിടെ തൊടുപുഴ ഡി.വൈ.എസ്.പി വയർലെസ് സെറ്റ് എടുത്തെറിയുകയും മുഖത്തടിക്കുകയും ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടുകയും ചെയ്തതെന്നാണു മുരളീധരന്റെ പരാതി.
മർദ്ദനത്തെ തുടർന്ന് മുരളീധരൻ ആശുപത്രിയിൽ എത്തിയെങ്കിലും,മധുബാബു ഇടപെട്ട് ചികിത്സ തുടരാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മുരളീധരൻ തുടർ ചികിത്സ നടത്തിയത്.മധു ബാബുവിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവി പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ല.തുടർന്ന് മുരളീധരൻ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് തീർപ്പാക്കാൻ ഉന്നതർ മുഖാന്തരം മധുബാബു ഇടപെടൽ നടത്തി എന്നും മുരളീധരൻ പറയുന്നു. കേസിൽ നീതി വേണമെന്നാണ് മുരളീധരന്റെ ആവശ്യം.