കണ്ണൂർ: കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ ബിൽഡിങ് മെറ്റീരിയൽ സഹകരണ സംഘത്തിൽ കോടിക്കണക്കിനു രൂപയുടെ തിരിമറി നടത്തിയ കേസിൽ സെക്രട്ടറി അറസ്റ്റിൽ. സൊസൈറ്റി സെക്രട്ടറിയായിരുന്ന പാനേരിച്ചാൽ കക്കോത്ത് സ്വദേശി ഇ.കെ.ഷാജിയാണ് (50) അറസ്റ്റിലായത്. സൊസൈറ്റിയിൽ നടന്ന 8 കോടി 4 ലക്ഷം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് കണ്ണൂർ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ നൽകിയ പരാതിയിൽ സെക്രട്ടറി ഷാജിക്കും, അറ്റൻഡർ ഷൈലജക്കുമെതിരെ ചക്കരക്കൽ പൊലീസ് കേസെടുത്തിരുന്നു.ഷൈലജ ഒളിവിലാണെന്നാണ് റിപ്പോർട്ട്.
തുടർന്ന് ഇരുവരും മുൻകൂർ ജാമ്യത്തിനു ശ്രമം നടത്തിവരികയായിരുന്നു. ജില്ലാ സെഷൻസ് കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളി. ഇതിനു പിന്നാലെ ഇരുവരും ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇതിനിടെയാണ് ഷാജിയെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സെക്രട്ടറി അറസ്റ്റിലായതോടെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഭരണസമിതിയിലെ ചിലരും മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങിയിട്ടുണ്ട്.