പത്തനംതിട്ടയിൽ ഭാര്യാമാതാവിനെ മരുമകൻ ക്രൂരമായി അടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട വെച്ചൂച്ചിറ അഴുത ഉന്നതിയിലാണ് സംഭവം. 54കാരിയായ ഉഷാമണിയെ ആണ് മരുമകൻ സുനിൽ തൂമ്പ കൊണ്ട് അടിച്ചു കൊന്നത്. ഉഷാമണിയുടെ തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. വീടിന് മുന്നിൽ വെച്ചാണ് കൊലപാതകം. പൊലീസെത്തിയപ്പോൾ താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് സുനിൽ പറഞ്ഞു. വീട്ടുവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ കുടുംബവഴക്ക് സ്ഥിരമായിരുന്നു എന്നും നാട്ടുകാർ പറയുന്നു. നേരത്തെയും പരാതി എത്തിയിരുന്നു. പൊലീസിനെയും കാത്ത് വഴിയരികിൽ നിന്ന സുനിൽ നടന്ന സംഭവം പൊലീസിനോട് വിവരിക്കുകയും ചെയ്തു. വെച്ചൂച്ചിറ പൊലീസ് സ്ഥലത്തെത്തി സുനിലിനെ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.