+

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; വയനാട് സ്വദേശി ഉൾപ്പെടെ മൂന്നോ നാലോ പേർ മരിച്ചതായി ടി സിദ്ദിഖ് എം.എൽ.എ

കോഴിക്കോട്: മെഡിക്കല്‍ കോളേജിലുണ്ടായ പുകയിൽ വയനാട് സ്വദേശി ഉൾപ്പെടെ മൂന്നോ നാലോ പേർ  മരിച്ചതായി  ടി സിദ്ദിഖ് എം.എൽ.എ. വയനാട് കല്പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കൾ അറിയിച്ചെന്ന് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. പുക ഉയര്‍ന്ന സമയത്ത് വെന്റിലേറ്ററില്‍നിന്ന് ഇവരെയെടുത്ത് മാറ്റുന്നതിനിടെയാണ് മരിച്ചതെന്നാണ് വിവരം. ഒന്നാംവാര്‍ഡിലാണ് നിലവില്‍ മൃതദേഹമുള്ളത്. ഇവരുടെ കുടുംബങ്ങളുമായി സംസാരിച്ചെന്നും ടി. സിദ്ദിഖ് അറിയിച്ചു.

അതേസമയം ആളപായമില്ലെന്നും എല്ലാ രോഗികളും സുരക്ഷിതരാണെന്നുമായിരുന്നു നേരത്തേ കളക്ടറും മെഡിക്കല്‍ സൂപ്രണ്ടും അറിയിച്ചിരുന്നത്.അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം.അതേസമയം സംഭവത്തിൽ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശിച്ചു. 



facebook twitter