കൂലിയുടെ ഓൺലൈൻ പൈറസിക്കെതിരെ നിർണായക നടപടിയുമായി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന്റെ പൈറേറ്റഡ് പതിപ്പുകൾ റോഗ് വെബ്‌സൈറ്റുകൾക്ക് സ്ട്രീം ചെയ്യാൻ അനുവദിക്കുന്നതിൽ നിന്ന് 36 ഇന്റർനെറ്റ് സേവന ദാതാക്കളെ വിലക്കി ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.വ്യാജ പകർപ്പുകൾ ഓൺലൈനിൽ പ്രചരിപ്പിച്ചാൽ നിർമാണ സ്ഥാപനമായ സൺ ടിവി നെറ്റ്‌വർക്കിന് ഉണ്ടാകാവുന്ന നഷ്ടങ്ങളും കോടതി ഊന്നിപ്പറഞ്ഞു. സിനിമയുടെ അനധികൃത വിതരണം തടയുന്നതിലൂടെ നിർമാതാക്കളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഈ നിയമപരമായ നടപടിയുടെ ലക്ഷ്യം. ചെന്നൈ ആസ്ഥാനമായുള്ള അഞ്ച് കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കുകളിലേക്കും കോടതി ഉത്തരവ് നീട്ടിയിട്ടുണ്ട്. കൂലിയുടെ വ്യാജ പതിപ്പുകൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ഈ നെറ്റ്‌വർക്കുകൾക്ക് വിലക്കുണ്ട്.കേരളത്തിലും കൂലിയ്ക്ക് കിടിലൻ ബുക്കിംഗ് ആണ് നടക്കുന്നത്. പ്രി ബുക്കിങിലൂടെ 5.34 കോടിയുടെ ടിക്കറ്റാണ് ഇതുവരെ വിറ്റുപോയിരിക്കുന്നത്. ആക്‌ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. രജനികാന്തിന്റെ 171ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ നാഗാർജുന അക്കിനേനി, പൂജ ഹെഗ്‌ഡെ, ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ് എന്നിവർക്കൊപ്പം ദാഹ എന്ന കഥാപാത്രമായി ബോളിവുഡ് താരം ആമിർ ഖാനും അഭിനയിച്ചിട്ടുണ്ട്.