അനധികൃത സ്വത്ത് സമ്പാദനക്കേസ്: എഡിജിപി എം.ആർ. അജിത് കുമാറിന് തിരിച്ചടി; വിജിലൻസിന്റെ ക്ലീൻ ചിറ്റ് കോടതി തള്ളി

01:13 PM Aug 14, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് കനത്ത തിരിച്ചടി. വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്താനും പരാതിക്കാരനായ അഡ്വ. നാഗരാജിന്റെ മൊഴി നേരിട്ട് രേഖപ്പെടുത്താനും കോടതി നിർദേശിച്ചു.


തിരുവനന്തപുരം കവടിയാറിൽ ഭാര്യയുടെ സഹോദരന്റെ പേരിൽ വാങ്ങിയ ഭൂമിയിൽ ആഡംബര വീട് നിർമ്മിച്ചത് അഴിമതിപ്പണം ഉപയോഗിച്ചാണെന്ന് കാണിച്ച് അഭിഭാഷകനായ നാഗരാജ് നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഇടപെടൽ. ഈ ആരോപണത്തിൽ കഴമ്പില്ലെന്ന് കാണിച്ച് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടാണ് കോടതി തള്ളിയത്.


വിജിലൻസ് അന്വേഷണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി, പരാതിക്കാരനായ അഡ്വ. നാഗരാജിന്റെ മൊഴി നേരിട്ട് രേഖപ്പെടുത്താൻ തീരുമാനിച്ചു. ഈ മാസം 30-നകം മൊഴി നൽകാനാണ് നിർദേശം. പരാതിക്കാരന്റെ ഭാഗം കേട്ട ശേഷം കേസിൽ അന്തിമ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. ഇത് വിജിലൻസിനും സർക്കാരിനും ഒരുപോലെ തിരിച്ചടിയാണ്.


നേരത്തെ, പരാതിക്കാരൻ കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയത്. സർക്കാർ ഈ റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതിയുടെ പുതിയ ഉത്തരവ്. മലപ്പുറം എസ്പി ആയിരിക്കെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് വിറ്റതും കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പനയുമായും ബന്ധപ്പെട്ട് നേരത്തെയും എം.ആർ. അജിത് കുമാറിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.