+

ലൈംഗികാതിക്രമത്തിന് ശ്രമിച്ച മൂന്ന് പേരെ വെടിവച്ച് മലയാളി

 മഹാരാഷ്ട്രയിലെ താനെ മുംബ്രയിൽ യുവതിയെ ലൈംഗികമായി അധിക്ഷേപിക്കാൻ ശ്രമിച്ചവർക്ക് നേരെ വെടിവെപ്പ് നടത്തിയ മലയാളി അറസ്റ്റിൽ. മുൻ കരസേന ഉദ്യോഗസ്ഥനായ ജയൻ ശിവാനന്ദൻ നായരാണ് (52) പൊലീസിന്റെ പിടിയിലായത്. വെടിവെപ്പിൽ അക്ബർ അബ്ദുൾ ഷെയ്ക്ക് എന്നയാൾ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന അബ്ദുൾ ഹസൻ, സമീർ അഹമ്മദ് എന്നിവർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രി മുംബ്രയിലെ ജനവാസ മേഖലയിലായിരുന്നു സംഭവം. ജയന്റെ സഹോദരിയെയും കൂടെയുണ്ടായിരുന്ന മറ്റ് സ്ത്രീകളെയും അക്ബറും സുഹൃത്തുക്കളും ചേർന്ന് ശല്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്യാനെത്തിയ ജയനുമായി അക്രമികൾ തർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതോടെ ജയൻ കൈവശമുണ്ടായിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.


വെടിയേറ്റ മൂന്നുപേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ബർ അബ്ദുൾ ഷെയ്ക്കിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ജയനെ മുംബ്ര പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.


ജയൻ സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾ എന്തിനാണ് നാടൻ തോക്ക് കൈവശം വെച്ചതെന്നും തോക്കിന്റെ ഉറവിടം എവിടെയാണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിക്കെതിരെ കൊലപാതകം, വധശ്രമം, ആയുധ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതായി താനെ പൊലീസ് അറിയിച്ചു.

facebook twitter