മലപ്പുറം കാളികാവിലെ നരഭോജി കടുവ കൂട്ടിലായി

09:32 AM Jul 06, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

 മലപ്പുറം കാളികാവ് മേഖലയിൽ ഭീതി വിതച്ച നരഭോജി കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി. കരുവാരക്കുണ്ടിലെ സുൽത്താന എസ്റ്റേറ്റിൽ വെച്ചാണ് കടുവയെ പിടികൂടിയത്.കഴിഞ്ഞ മെയ് 15-ന് റബ്ബർ ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന് ശേഷം മേഖലയിൽ വലിയ ഭീതി നിലനിന്നിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് വനംവകുപ്പ് കടുവയെ പിടികൂടാനുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയത്.


കഴിഞ്ഞ രണ്ട് മാസത്തോളമായി വനംവകുപ്പ് ഈ മേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് മൂന്ന് കൂടുകൾ സ്ഥാപിച്ചിരുന്നു. ഗഫൂറിനെ കടുവ ആക്രമിച്ചതിന്റെ അൻപത്തിമൂന്നാമത്തെ ദിവസമാണ് നരഭോജി കടുവ കൂട്ടിൽ കുടുങ്ങുന്നത്.കടുവ കൂട്ടിലായതോടെ മാസങ്ങളായി ഭീതിയിൽ കഴിഞ്ഞിരുന്ന നാട്ടുകാർക്ക് ആശ്വാസമായിരിക്കുകയാണ്. വനംവകുപ്പ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.