+

അപരരും വിമതരും സ്വതന്ത്രരുമില്ല; മത്സരരംഗത്ത് മൂന്ന് മുന്നണികൾക്കുമായി മൂന്ന് സ്ഥാനാർഥികൾ മാത്രം ഈ മണ്ഡലത്തിൽ

മാനന്തവാടി: സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും അപരന്മാരും വിമതന്മാരും സ്വതന്ത്രരും ഒക്കെയായി മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം രണ്ടക്കം വരെ എത്തുമ്പോൾ വയനാട്ടിലെ ഈ മണ്ഡലത്തിൽ  മത്സരരംഗത്ത് മൂന്ന് മുന്നണികൾക്കുമായി മൂന്ന് സ്ഥാനാർഥികൾ മാത്രം.മൂന്നു പേരെ ഉള്ളതെങ്കിലും മാനന്തവാടി മണ്ഡലത്തിൽ  മികച്ച മത്സരമായിരിക്കുമെന്നാണ് മൂന്ന് സ്ഥാനാർഥികളും പറയുന്നത്. എൽഡിഎഫിനായി സിപിഐഎമ്മിന്റെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ ഒ.ആർ. കേളുവാണ് മത്സരിക്കുന്നത്. യുഡിഎഫിന് വേണ്ടി കോൺഗ്രസിന്റെ ഉഷാ വിജയനും എൻഡിഎയ്ക്കുവേണ്ടി ബിജെപിയുടെ പി. ശ്യാംരാജുമാണ് രംഗത്ത്.2021-ൽ ഒ.ആർ. കേളുവും കോൺഗ്രസിന്റെ പി.കെ. ജയലക്ഷ്മിയും ബിജെപിയുടെ പള്ളിയറ മുകുന്ദനുമായിരുന്നു കളത്തിൽ. അന്ന് 9282 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേളു ജയിച്ചത്. 2021-ൽ കേളുവിന് ലഭിച്ച വോട്ട്- 72536. പി.കെ. ജയലക്ഷ്മിക്ക് ലഭിച്ച വോട്ട്- 63254.നിലവിൽ അദ്ദേഹം കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയാണ്.

മുമ്പ് യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം കഴിഞ്ഞ 10 വർഷമായി എൽ.ഡി.എഫിന് ഒപ്പമാണ്. ഇത്തവണ എൽ.ഡി.എഫിൽനിന്നും മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഉറച്ച പ്രതീക്ഷയിൽ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് യു.ഡി.എഫ്. 2011ലാണ് പട്ടികവർഗ സംവരണമായി (എസ്.ടി) മാനന്തവാടി മണ്ഡലം രൂപവത്കരിച്ചത്. ഗോത്ര വർഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് മാനന്തവാടി. മണ്ഡലത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിനും യു.ഡി.എഫിനും ഒരുപോലെ സ്വാധീനമുള്ള മേഖലയാണ്. അതിനാൽ, ഈ മണ്ഡലത്തിൽ വിജയിയെ പ്രവചിക്കുകയെന്നത് എളുപ്പമല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സ്ഥാനാർഥികൾക്കാണ് ജനം വോട്ടു ചെയ്യുന്നതെന്നും നേതാക്കൾ പറയുന്നു.

കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ വന്യജീവി ആക്രമണങ്ങളാണ് തെരഞ്ഞെടുപ്പിലെ ചർച്ച വിഷയം. വന്യമൃഗശല്യത്തിൽ കൃഷി നശിച്ചെന്നും നിരവധി പേരുടെ ജീവൻ പൊലിഞ്ഞതും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നേരിടാനുള്ള ഫെൻസിങ്ങ് അടക്കമുള്ള പ്രതിരോധ പ്രവർത്തനവും ചർച്ചാ വിഷയമാക്കിയാണ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം. വയനാട് ടൗൺഷിപ്പും നഗരത്തിലെ വികസന പ്രവർത്തനങ്ങളും ചർച്ച വിഷയമാക്കുന്നുണ്ട്.


facebook twitter