+

LDFൻ്റെ വാദങ്ങൾ തള്ളി; UDF സ്ഥാനാര്‍ത്ഥി റെജി ചെറിയാൻ്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നാടകീയമായ നീക്കങ്ങൾക്കൊടുവിൽ കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ നാമനിർദ്ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. പത്രികയിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് കാട്ടി എൽ.ഡി.എഫ് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ പുനഃപരിശോധനയ്‌ക്ക് ശേഷമാണ് വരണാധികാരി പത്രിക അംഗീകരിച്ചത്. ഇതോടെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം പുതിയ തലത്തിലേക്ക് കടന്നു.


റെജി ചെറിയാൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേസ് വിവരങ്ങൾ പൂർണ്ണമായി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രധാന ആക്ഷേപം. രാമങ്കരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിന്റെ വിശദാംശങ്ങൾ മാത്രമാണ് പത്രികയ്‌ക്കൊപ്പം നൽകിയിട്ടുള്ളത്. എന്നാൽ ആലപ്പുഴ കോടതിയിലുള്ള മറ്റൊരു കേസിന്റെ വിവരങ്ങൾ സ്ഥാനാർത്ഥി മനഃപൂർവ്വം മറച്ചുവെച്ചതായി എൽ.ഡി.എഫ് വാദിച്ചു. കൂടാതെ, കായംകുളത്തും കുട്ടനാട്ടിലും ഒരേസമയം റെജി ചെറിയാന് വോട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടി.പരാതിയെത്തുടർന്ന് ഇന്ന് നടന്ന പുനഃപരിശോധനയിൽ ഇരുമുന്നണികളുടെയും അഭിഭാഷകർ വിശദമായ വാദങ്ങൾ നിരത്തി. എന്നാൽ എൽ.ഡി.എഫ് ഉന്നയിച്ച സാങ്കേതിക തടസ്സങ്ങൾ പത്രിക തള്ളാൻ മതിയായ കാരണങ്ങളല്ലെന്ന് നിരീക്ഷിച്ച വരണാധികാരി, പരാതികൾ തള്ളിക്കൊണ്ട് പത്രിക സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു.


വരണാധികാരിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. പത്രിക സ്വീകരിച്ച നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് എൽ.ഡി.എഫ് തീരുമാനം. പത്രിക അംഗീകരിക്കപ്പെട്ടതോടെ യു.ഡി.എഫ് ക്യാമ്പ് ആവേശത്തിലാണെങ്കിലും നിയമപോരാട്ടം തുടരുമെന്ന പ്രഖ്യാപനം കുട്ടനാട്ടിലെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിപ്പിച്ചിരിക്കുകയാണ്.


facebook twitter