ഭോപാൽ: വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് നിരീക്ഷണവുമായി മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ നൽകിയ ലൈംഗിക പീഡന പരാതിയിൽ ഭർത്താവിനെതിരെയുള്ള എഫ്ഐആർ ഭാഗികമായി റദ്ദാക്കി ജസ്റ്റിസ് മിലിന്ദ് രമേഷ് പഡ്‌കെയുടെ ഉത്തരവ്. പ്രായപൂർത്തിയായ ഭാര്യയുമായി ഭർത്താവ് നടത്തുന്ന ലൈംഗിക പ്രവൃത്തികൾ ബലാത്സംഗമായി കണക്കാക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭർത്താവ് ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു നിർബന്ധിച്ചുവെന്ന ആരോപണം നിലനിൽക്കില്ലെന്നും, വിവാഹബന്ധത്തിനുള്ളിൽ ഇത്തരം പ്രവൃത്തികൾ ഐപിസി 377ന്റെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി. അതിനാൽ ഈ വകുപ്പ് പ്രകാരമുള്ള നടപടികൾ റദ്ദാക്കി. ഭർത്താവിന്റെ സഹോദരിക്കെതിരെയുള്ള ആരോപണങ്ങൾ വ്യക്തമല്ലാത്തതിനാൽ ആ പരാതിയും കോടതി തള്ളി. ഭിന്ദ് ജില്ലയിലെ യുവാവിനെതിരെയാണ് ഭാര്യ പരാതി നൽകിയത്. അതേ സമയം, ഭർത്താവിനെതിരെയുള്ള സ്ത്രീധന പീഡനം, ക്രൂരത തുടങ്ങിയ മറ്റ് പരാതികളിൽ നടപടികൾ തുടരാമെന്നും കോടതി ഉത്തരവിട്ടു. സ്ത്രീധന പീഡനം, ആക്രമണം, ക്രിമിനൽ ഭീഷണി എന്നിവയുൾപ്പെടെയുള്ള ശേഷിക്കുന്ന കുറ്റങ്ങളിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.