+

മിഥുന്‍റെ മരണം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍  നടപടി. പ്രധാനാധ്യാപിക എസ് സുജയെ  സസ്പെൻഡ് ചെയ്തു.സ്കൂളില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് പ്രധാനധ്യാപികയായ സുജയുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും അച്ചടക്ക നടപടി സ്വീകരിക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ മാനേജര്‍‌ക്ക് നിര്‍ദേശം നല്‍കിയതായും സസ്പെന്‍ഷന്‍ ഉത്തരവിലുണ്ട്. സസ്പെന്‍ഷന്‍ നടപടി ഉടന്‍ പ്രാബല്യത്തിലെന്നും ഉത്തരവില്‍ പറയുന്നു. പ്രധാനധ്യാപികയെ സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ സീനിയര്‍ അധ്യാപിക ജി.മോളിക്കായിരിക്കും ചുമതലയെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന്റെ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയിരുന്നു.

മാനേജ്മെന്റ് നടപടി എടുക്കാത്തപക്ഷം പ്രധാനാധ്യാപികയെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.എട്ടാം ക്ലാസുകാരൻ മിഥുന്റെ സംസ്കാരം നാളെ നടക്കും. കുവൈത്തിൽ ജോലിചെയ്യുന്ന അമ്മ നാളെ രാവിലെ 9 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും.  മിഥുൻ പഠിച്ച തേവലക്കര സ്കൂളിൽ പത്തുമണിയോടെ പൊതുദർശനം ആരംഭിക്കും. 12:00 മണിയോടെ വീട്ടിലേക്ക് കൊണ്ടുവരും.  അമ്മ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ വീട്ടിലെത്തും എന്നാണ് കണക്കുകൂട്ടൽ. വൈകാതിരിക്കാൻ പോലീസ് സഹായം തേടുമെന്ന് എംഎൽഎ കോവൂർ കുഞ്ഞുമോൻ പറഞ്ഞു. വീട്ടിലെ പൊതു ദർശനത്തിനുശേഷം നാലുമണിയോടെ വീട്ടുവളപ്പിൽ തന്നെ സംസ്കാര ചടങ്ങുകൾ തുടങ്ങും.

മൂന്നു ദിവസത്തിനകം സ്‌കൂള്‍ മറുപടി നല്‍കണം. സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന കൊല്ലം എ.ഇ.ഒ ആന്റണി പീറ്ററിനോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചിരുന്നു.


facebook twitter