മുണ്ടക്കൈ- ചൂരല്‍മല ഉള്ളുപൊട്ടിയ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട്. ദുരന്തം പെയ്തിറങ്ങിയിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ ആ ഉള്ളുപൊട്ടിയ ഓര്‍മകളെ നെഞ്ചിലേറ്റി പുതിയ ഒരു ജീവിതം നെയ്‌തെടുക്കുകയാണ് ഒരുപറ്റം മനുഷ്യര്‍. ഉറ്റവരെ ഉരുളെടുത്തപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് മുമ്പില്‍ പകച്ചു നില്‍ക്കാതെ അതിജീവിച്ചേ മതിയാകൂ എന്ന നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ ജീവിതം പടുത്തുയര്‍ത്തിയവരാണ് അവര്‍. 2024 ജൂലൈ 30, വയനാടിന്റെ ഹൃദയം പിളര്‍ന്ന് ഉരുള്‍ ഒഴുകിയെത്തിയ രാത്രി. മുണ്ടക്കൈയും ചൂരല്‍മലയും പുഞ്ചിരിമട്ടവും മേപ്പാടിയും വിറങ്ങലിച്ചുനിന്ന പുലര്‍ച്ചെ പിറന്നത് ഭയാനകമായ ദൃശ്യങ്ങളിലേക്കായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായിരുന്നു മുണ്ടക്കൈ ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍. വയനാടിനെ അക്ഷരാര്‍ത്ഥത്തില്‍ മുറിവേല്‍പ്പിച്ച ദുരന്തത്തിന് ഇന്ന് ഒരാണ്ട്. മുറിവുണങ്ങാത്ത ഓര്‍മ്മകള്‍ക്ക് ഒരാണ്ട് തികയുമ്പോഴും സര്‍ക്കാരിന്റെയടക്കമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്.