രാജന്റെ വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. ആന്തരിക അവയവങ്ങൾക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് രാജന്റെ മൃതദേഹം എസ്റ്റേറ്റിന് സമീപം കണ്ടെത്തിയത്. വിറക് ശേഖരിക്കാൻ പോയ രാജനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വന്യജീവി ആക്രമണം സ്ഥിരീകരിച്ച സാഹചര്യത്തിൽ വനംവകുപ്പ് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ രാജന്റെ കുടുംബത്തിന് കൈമാറി. ഇതിനു പുറമെ ജില്ലാ കളക്ടറുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നാല് ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ആകെ ഒൻപത് ലക്ഷം രൂപ കുടുംബത്തിന് ലഭിക്കും.
പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നും തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് എസ്റ്റേറ്റ് തൊഴിലാളികൾ പ്രതിഷേധത്തിലാണ്. സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.