വിവാദങ്ങളെ തുടർന്ന് പാലോട് രവി രാജിവെച്ച ഒഴിവില്‍ മുൻ സ്പീക്കർ എൻ. ശക്തൻ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റായി ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ഡിസിസി ഓഫീസിൽ വെച്ചാണ് ചടങ്ങ്. പാർട്ടിക്കെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായതോടെയാണ് പാലോട് രവിക്ക് അധ്യക്ഷസ്ഥാനം ഒഴിയേണ്ടി വന്നത്.
കോൺഗ്രസ് പ്രവർത്തകനുമായി നടത്തിയ ടെലിഫോൺ സംഭാഷണമാണ് പാലോട് രവിയുടെ രാജിയിൽ കലാശിച്ചത്. വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്നും പറയുന്ന ശബ്ദരേഖ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കെപിസിസി, എഐസിസി നേതൃത്വങ്ങൾ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തലസ്ഥാന ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് എൻ. ശക്തന് മുന്നിലുള്ളത്. മുതിർന്ന നേതാവും ഗ്രൂപ്പുകൾക്ക് അതീതനുമായ ശക്തന്റെ നിയമനം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കെപിസിസി പുനഃസംഘടന പൂർത്തിയാകുന്നതുവരെ ശക്തൻ താൽക്കാലിക അധ്യക്ഷനായി തുടരും. പാർട്ടിക്കുള്ളിൽ അച്ചടക്കം ഉറപ്പാക്കുമെന്ന ശക്തമായ സന്ദേശം കൂടിയാണ് ഈ മാറ്റത്തിലൂടെ കോൺഗ്രസ് നേതൃത്വം നൽകുന്നത്.