ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയന്. അമേരിക്കൻ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്തയെ 267ആമത് മാര്‍പാപ്പയായി തെരഞ്ഞെടുത്തു. രണ്ടാം ദിനം നാലാം റൗണ്ടിലാണ് പോപിനെ തെരഞ്ഞെടുത്തത്. പോപ്പ് ലിയോ പതിനാലാമന്‍ എന്നറിയപ്പെടും.
പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് നടക്കുന്ന സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ സിസ്റ്റിന് ചാപ്പലില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നതോടെ പുതിയ പാപ്പയായെന്ന് സ്ഥിരീകരണമായി. യുഎസില്‍ നിന്നുളള ആദ്യ മാര്‍പാപ്പയാണ് അറുപത്തിയൊമ്പതുകാരനായ പോപ് ലിയോ പതിനാലാമന്‍ . വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരും കോണ്‍ക്ലേവില്‍ പങ്കെടുത്തു. വോട്ടവകാശമുള്ള കര്‍ദിനാള്‍മാരില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വോട്ട് അഥവാ 89 വോട്ട് ലഭിച്ചതോടെയാണ് യുഎസില്‍ നിന്നുള്ള റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്ത പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ വെളുത്ത പുക ഉയര്‍ന്നതോടെ 45000 ത്തിലധികം പേരാണ് പുതിയ പാപ്പയെ തെരഞ്ഞെടുത്തെന്ന വാര്‍ത്ത കേള്‍ക്കാന്‍ തടിച്ചുകൂടിയത്.