+

നിലമ്പൂരിൽ ജയം ഉറപ്പെന്ന് എൽഡിഎഫും യുഡിഎഫും; 2000ത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷമെന്ന് LDF, യുഡിഎഫ് വിലയിരുത്തൽ 10000 മുതൽ 15000 വരെ ഭൂരിപക്ഷമെന്ന്

മലപ്പുറം: നിലമ്പൂ‍ർ ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് വിലയിരുത്തൽ പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് കണക്കുകൂട്ടലും പുറത്തുവന്നു. 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ഏറ്റവും അധികം ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം വഴിക്കടവില്‍ നിന്നും ലഭിക്കും.മൂവായിരം വോട്ടിന്റെ ലീഡ് മൂത്തേടം പഞ്ചായത്തില്‍ നിന്നും ലഭിക്കും. മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡാണ് മുന്നണി പ്രതീക്ഷിക്കുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും 1000 വോട്ടിന്റെ ലീഡും തെരഞ്ഞെടുപ്പിന് മുന്‍പ് അട്ടിമറി നടന്ന ചുങ്കത്തറ പഞ്ചായത്തില്‍ 1000 മുതല്‍ 1500 വോട്ട് വരെ ലീഡ് വരുമെന്നുമാണ് വിലയിരുത്തല്‍.എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും 1500 വോട്ടിന്റെ ലീഡ് ലഭിക്കും. എന്നാല്‍ അമരമ്പലം, കരുളായി പഞ്ചായത്തുകളില്‍ വോട്ട് നില എല്‍ഡിഎഫിന് ഒപ്പമാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. മുന്‍ എംഎല്‍എ പി വി അന്‍വര്‍ നേടുന്ന വോട്ടുകള്‍ യുഡിഎഫിന് അനുകൂലമാകുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി അന്‍വറിലൂടെ എല്‍ഡിഎഫിലെത്തിയ വോട്ടുകളാകും പി വി അന്‍വര്‍ പിടിക്കുകയെന്നും യുഡിഎഫ് വിലയിരുത്തുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് വിജയിക്കുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. രണ്ടായിരത്തിൽ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്.  പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ ന​ഗരസഭയിലും ലീഡ് ലഭിക്കുമെന്നാണ് എൽഡിഎഫിൻ്റെ കണക്ക് കൂട്ടൽ. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടുമെന്നുമാണ് എൽഡിഎഫ് കണക്കാക്കുന്നത്.എം സ്വരാജ് 80233 വോട്ടുകൾ നേടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 78,595, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് 8335, പി വി അൻവർ 5120 വോട്ടുകൾ വീതം നേടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. പോത്തുങ്കൽ പഞ്ചായത്തിൽ എം സ്വരാജ് 1042 വോട്ടിൻ്റെ ലീഡ് നേടുമെന്നാണ് എൽഡിഎഫ് കണക്കാക്കുന്നത്. കരുളായി പഞ്ചായത്തിൽ 1367 വോട്ടും, അമരമ്പലത്ത് 1244 വോട്ടും നിലമ്പൂർ ന​ഗരസഭയിൽ 1007 വോട്ടും സ്വരാജിന് മേൽക്കൈ ഉണ്ടാകുമെന്നാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. വഴിക്കടവ് പഞ്ചായത്തിൽ 1167 വോട്ടും മൂത്തേടത്ത് 823 വോട്ടും, എടക്കര 338 വോട്ടും ചുങ്കത്തറ 694 വോട്ടും യുഡിഎഫിന് ലീഡ് ലഭിക്കുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്.


More News :
facebook twitter